ഇരിട്ടി: പഴശിസാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ നിർമാണപ്രവൃത്തി പ്രദേശവാസികൾ തടഞ്ഞു. നിർമാണത്തിനിടെ നീക്കം ചെയ്ത മണ്ണ് പുഴയോരത്ത് നിക്ഷേപിച്ചതിനെത്തുടർന്നായിരുന്നു പ്രതിഷേധം. പുഴയോരത്ത് തള്ളിയ മണ്ണ് പൂർണമായും നീക്കം ചെയ്തശേഷം മാത്രമേ നിർമാണം അനുവദിക്കൂവെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇതേത്തുടർന്ന് നിർമാണപ്രവൃത്തി താത്കാലികമായി നിർത്തിവച്ചു
പദ്ധതിപ്രദേശത്തേക്ക് പുഴവെള്ളം കയറാതിരിക്കാൻ കരിങ്കൽ ചീളുകളും വലിയ പാറക്കഷണങ്ങളും ഉപയോഗിച്ച് നിർമിച്ച സംരക്ഷണഭിത്തിക്കൊപ്പം നൂറുകണക്കിന് ലോഡ് മണ്ണും പുഴയോരത്ത് നിക്ഷേപിച്ചുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.
അടുത്തിടെ പദ്ധതിപ്രദേശത്ത് ജലനിരപ്പ് ഉയർന്നപ്പോൾ നേരത്തെ നിക്ഷേപിച്ചിരുന്ന മണ്ണ് പുഴയിലേക്ക് ഒലിച്ചുപോയതായും ഇതുമൂലം പുഴയുടെ സംഭരണശേഷി കുറഞ്ഞ് വെള്ളം സമീപവാസികളുടെ വീടുകളിലേക്ക് ഇരച്ചുകയറിയതായും അവർ പറഞ്ഞു.
കഴിഞ്ഞത്തെ പ്രളയത്തിനിടെ പദ്ധതിയുടെ ഷട്ടറുകൾ തുറന്നതോടെ മണ്ണ് കൂടുതൽ അളവിൽ പുഴയിലേക്ക് ഒഴുകിയെത്തുകയും വെളിയമ്പ്ര, കൊട്ടാരം മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറാൻ ഇടയാക്കുകയും ചെയ്തതായും പ്രദേശവാസികൾ ആരോപിച്ചു. ഇതിനിടെ വീണ്ടും പുഴയോരത്ത് മണ്ണ് തള്ളുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്. പദ്ധതിയുടെ ഷട്ടറുകൾ അശാസ്ത്രീയമായി തുറക്കുന്നതിൽ പ്രതിഷേധിച്ച് പഴശി എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയശേഷമാണ് പ്രതിഷേധക്കാർ നിർമാണസ്ഥലത്തെത്തി സമരം നടത്തിയത്. ഇരിട്ടി നഗരസഭ മുൻ കൗൺസിലർ പി. ബഷീറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.